21st IFFK BLOG

(Maintained by IFFK Media Cell)

Sunday, 27 November 2016

സ്മൃതി പരമ്പരയില്‍ സേതുമാധവനും കെന്‍ലോച്ചും കണ്‍ടെംപററി ഫോക്കസില്‍ മിയ ഹാന്‍സെന്‍

മലയാളത്തിന്റെ സംവിധായക പ്രതിഭ കെ.എസ്. സേതുമാധവന് രാജ്യാന്തരചലച്ചിത്ര മേളയുടെ ആദരം. സ്മൃതിപരമ്പര വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് മലയാളം, ഹിന്ദി, ഒറിയ, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ചലച്ചിത്ര വിസ്മയം തീര്‍ത്ത സംവിധായകന് ഓര്‍മച്ചിത്രം ഒരുക്കുന്നത്. സേതുമാധവനൊപ്പം ഇംഗ്ലീഷ് സംവിധായകന്‍ 'കെന്‍ ലോച്ചിന്റെ'  ഒന്‍പത് ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മലയാളികള്‍ നെഞ്ചേറ്റിയ സേതുമാധവന്റെ 'അനുഭവങ്ങള്‍ പാളിച്ചകള്‍', 'അച്ഛനും ബാപ്പയും', 'പുനര്‍ജന്മം', 'അടിമകള്‍', 'മറുപക്കം' എന്നീ ചിത്രങ്ങളാണ് വിവിധ ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. 
പ്രേക്ഷകപ്രശംസ നേടിയ 'ഫാദര്‍ലാന്റ്', 'ഹിഡന്‍ അജന്‍ഡ', 'റിഫ്-റാഫ്', 'ലാന്‍ഡ് ആന്‍ഡ് ഫ്രീഡം', 'ലുക്കിംഗ് ഫോര്‍ എറിക്',  തുടങ്ങിയ ഒന്‍പത് കെന്‍ലോച്ച് ചിത്രങ്ങള്‍ക്കാണ് ഇംഗ്ലീഷ് സ്മൃതിപരമ്പര വിഭാഗത്തില്‍ തിരുവനന്തപുരത്ത് വേദി ഒരുങ്ങുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഏഴാമത്തെ ചിത്രമായി ബ്രിട്ടന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത 'കെസ്സും' (1969) ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായാണ് കെന്‍ലോച്ച് ചലച്ചിത്രങ്ങള്‍ക്ക് കേരളം സ്മൃതിപരമ്പര ഒരുക്കുന്നത്.
പ്രശസ്ത ഫ്രഞ്ച് സംവിധായികയായ മിയ ഹാന്‍സെന്‍ ലവിന്റെ അഞ്ചു ചിത്രങ്ങളാണ് കണ്‍ടെംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ 'ദി ഫാദര്‍ ഓഫ് മൈ ചില്‍ഡ്രന്‍' (2009), 'ആള്‍ ഈസ് ഫോര്‍ഗിവന്‍' (2007), ഗുഡ് ബൈ ഫസ്റ്റ് ലവ്' (2011), 'ഏദന്‍' (2014), 'തിങ്‌സ് ടു കം' (2016) എന്നിവയാണ് മേളയിലെ മിയ ഹാന്‍സെന്‍ ചിത്രങ്ങള്‍.

No comments:

Post a Comment