ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിഖ്യാത ചലച്ചിത്രകാരന്‍ ജി. അരവിന്ദന് ആദരമര്‍പ്പിക്കാന്‍ എത്യോപ്യന്‍ ചലച്ചിത്രകാരന്‍ ഹെയ്‌ലേ ഗരിമ എത്തും. 1993 ല്‍ പുറത്തുവന്ന 'സാന്‍കോഫ' എന്ന ചിത്രത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ സംവിധായകനും നിര്‍മാതാവുമാണ് ഗരിമ. പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ യഥാതഥമായ ചലച്ചിത്രഭാഷ്യമെന്ന നിലയിലാണ് ഗരിമയുടെ സിനിമകളെ നിരൂപകര്‍ വാഴ്ത്തുന്നത്. ഹെയ്‌ലേ ഗരിമയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം 'ടെസ'യും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എത്യോപ്യയില്‍ ജനിച്ച് 1967 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഗരിമയെ ലാറ്റിനമേരിക്കന്‍ ചലച്ചിത്രങ്ങള്‍ പ്രചോദിപ്പിച്ചു. 1976 ല്‍ പുറത്തുവന്ന 'ഹാര്‍വസ്റ്റ്: 3000 ഇയേഴ്‌സ്' ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയതോടെ ഗരിമയുടെ പ്രതിഭ ലോകം ശ്രദ്ധിക്കുവാന്‍ തുടങ്ങി. പിന്നീടുവന്ന 'ആഷസ് ആന്‍ഡ് എംബേഴ്‌സും' (1982) പുരസ്‌കാരങ്ങള്‍കൊണ്ട് ശ്രദ്ധനേടി. അടിമയുടെ വിപ്ലവജീവിതം പ്രചോദനകരമായി ആവിഷ്‌കരിച്ച 'സാന്‍കോഫ'യ്ക്ക് അമേരിക്കയില്‍ വിതരണക്കാരെ കിട്ടാതെവന്നോപ്പള്‍ സ്വതന്ത്രമായ വിതരണ സംവിധാനാമൊരുക്കി തിയേറ്ററുകളില്‍ ചിത്രമെത്തിച്ചും ഗരിമ വിപ്ലവം സൃഷ്ടിച്ചു.
ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന ഒരു ആഫ്രിക്കന്‍ ബുദ്ധിജീവിക്ക് ഭരണകൂടത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ആവിഷ്‌കരിച്ച 'ടെസ' ഗരിമയുടെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. ഉയര്‍ന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ മുതല്‍മുടക്കില്‍ നിര്‍മിച്ച് വ്യവസ്ഥാപിത ചലച്ചിത്ര ധാരണകളെ പിടിച്ചുലച്ച ചലച്ചിത്രകാരനെന്ന നിലയിലും ഗരിമ വേറിട്ടുനില്‍ക്കുന്നു.
ഡിസംബര്‍ 14 ന് നിള തിയേറ്ററില്‍ വൈകുന്നേരം ആറു മണിക്കാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണവും ചലച്ചിത്ര പ്രദര്‍ശനവും.
No comments:
Post a Comment