21st IFFK BLOG

(Maintained by IFFK Media Cell)

Sunday 11 December 2016

ഒറ്റപ്പെട്ടവരുടെ വേദനയായി 'മാന്‍ഹോള്‍'

അഴുക്കുപുരണ്ട ജീവിതങ്ങളെ അതേപടി അഭ്രപാളിയിലെത്തിച്ച വിധു വിന്‍സന്റ് ചിത്രം 'മാന്‍ഹോൡന് ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക സ്വീകരണം. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികള്‍ ഇരുണ്ട നിറമുള്ള കഥാപാത്രങ്ങളായി എത്തിയപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റൊരു വിഭാഗം കൂടി തിരശ്ശീലയിലെത്തി. അടിസ്ഥാന സുരക്ഷ പോലുമില്ലാത്ത ഡ്രൈനേജ് കുഴികളിലേക്കും മാന്‍ഹോളുകളിലേക്കും ഇറങ്ങി ശുചീകരണ ജോലി ചെയ്യുന്നവരും 'തോട്ടി' എന്ന ജാതിപ്പേരിന്റെ ചാപ്പ കുത്തപ്പെട്ട് അരികുവത്കരിക്കപ്പെട്ടവരുമായ ഒരുവിഭാഗം മനുഷ്യരാണ് 'മാന്‍ഹോള്‍' എന്ന ചിത്രത്തിന്റെ പ്രമേയം.
ശുചീകരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം ജില്ലയിലെ ഒരു കോളനിയെ പശ്ചാത്തലമാക്കിവിന്‍സന്റ് നിര്‍മിച്ച 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ തുടര്‍ച്ചെയന്നോണമാണ് മാന്‍ഹോള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. 
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ ഡെലിഗേറ്റുകളുടെ വന്‍ ഒഴുക്കാണ് ടാഗോറില്‍ കണ്ടത്. പ്രദര്‍ശനത്തിനൊടുവില്‍  പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ സമ്പാദിക്കാനും ചിത്രത്തിന് സാധിച്ചു.
സിനിമയില്‍ തങ്ങള്‍ക്കും ഇടം ലഭിച്ചല്ലോ എന്ന പ്രതികരണമാണ് മാന്‍ഹോളിനെ 'അയ്യന്‍' എന്ന കഥാപാത്രത്തിലൂടെ സ്വന്തം സമുദായത്തിലെ അനേകം മനുഷ്യരുടെ ശബ്ദമായി മാറിയ രവികുമാര്‍ നല്‍കിയത്. തന്റെ കോളനിയിലെ താമസക്കാര്‍ക്കൊപ്പം രവികുമാറും ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന താന്‍ ഉള്‍പ്പെടെയുള്ള മനുഷ്യരുടെ ദുരിതപൂര്‍ണമായ ജീവിതത്തോട് പൂര്‍ണമായും കൂറുപുലര്‍ത്തി നിര്‍മിച്ച ചിത്രമാണ് മാന്‍ഹോളെന്നും  മികച്ച പ്രതികരണം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. 
ദളിത് അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ പ്രീത കെ.കെ., ജാതിയും തൊഴിലും തമ്മില്‍ എത്രയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ ശുചീകരണ തൊഴിലാളികളുടെ ജീവിതത്തിലൂടെ വരച്ചുകാട്ടാന്‍ മാന്‍ഹോളിന് കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു. രാജ്യാന്തര മത്സവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ആദ്യമായി സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ച വനിതാ സംവിധായികയായ വിധു വിന്‍സന്റ് അങ്ങനെ ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി.

No comments:

Post a Comment