21st IFFK BLOG

(Maintained by IFFK Media Cell)

Friday 2 December 2016

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ വേദിയും മറ്റ് വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കാനും പരിപാടിയുണ്ട്. തിരുവല്ലത്ത് ഫിലിം സിറ്റി, രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് തുടങ്ങി ചലച്ചിത്ര മേഖലയുടെ വികസനത്തിനായി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി അധ്യക്ഷനായിരിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. എംപിമാരായ ഡോ. ശശി തരൂര്‍, സുരേഷ് ഗോപി, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥി ആയിരിക്കും. മേളയോടനുബന്ധിച്ച് നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ചെക്കോസ്ലോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ,് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി പി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment