ലോകം തിരശ്ശീലയില്‍ തെളിയുന്നതു കാണാന്‍ തിരുവനന്തപുരത്തേക്ക് സിനിമാ പ്രേക്ഷകര്‍ ഒഴുകി തുടങ്ങി. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനം തന്നെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്റര്‍ സജീവമായി. ലോക സിനിമാവിഭാഗത്തില്‍ മെക്‌സിക്കന്‍ ചിത്രമായ ദ അറൈവല്‍ ഓഫ് സൈറയായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ മറ്റ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസ്, സംവിധായകരായ ലാല്‍ ജോസ്, ആഷിക് അബു, നടി റിമാ കല്ലിങ്കല്‍, ക്യാമറമാന്‍മാരായ അഴകപ്പന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ മേളയ്‌ക്കെത്തി.
മേളയില്‍ മികച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന പ്രേക്ഷക അഭിപ്രായം സാധൂകരിക്കും വിധമായിരുന്നു തിയേറ്ററുകളിലെ തിരക്ക്. സംഘാടനത്തിലും റിസര്‍വേഷന്‍ സംവിധാനത്തിലും വിദേശ പ്രതിനിധികള്‍ വരെ സന്തുഷ്ടി പ്രകടിപ്പിച്ചു. പാട്ടും നൃത്തവും ചര്‍ച്ചകളുമൊക്കെയായി മേളയുടെ പ്രധാന വേദികളില്‍ പ്രതിനിധികള്‍ ആദ്യദിവസം തന്നെ സജീവമായി. ഇന്ന് (10.12.2016) വൈകുന്നേരത്തോടെ ടാഗോര്‍ തിയേറ്ററില്‍ നാടന്‍ കലാരൂപങ്ങള്‍ക്ക് അരങ്ങുണരും. അതോടെ മേളയുടെ പ്രധാനവേദിയില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്നുമുതല്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ മേളയുടെ ഭാഗമാകും. ഓപ്പണ്‍ഫോറം, സെമിനാറുകള്‍ എന്നിവയും ഇന്നു മുതല്‍ ആരംഭിക്കും.
No comments:
Post a Comment