21st IFFK BLOG

(Maintained by IFFK Media Cell)

Friday, 9 December 2016

പ്രത്യേക മുഖാമുഖം ചലച്ചിത്രങ്ങളെ വേര്‍തിരിക്കുന്നതിനോട് യോജിക്കുന്നില്ല: ജിറി മെന്‍സില്‍


സിനിമകളെ ഫെസ്റ്റിവല്‍ സിനിമയെന്നും വാണിജ്യ സിനിമയെന്നും വേര്‍തിരിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് പ്രമുഖ ചെക് സംവിധായകനും ഓസ്‌കര്‍ ജേതാവുമായ ജിറി മെന്‍സില്‍. ജൂറിയായി പല ഫെസ്റ്റിവലുകളിലും പങ്കെടുത്തപ്പോഴും സിനിമകളിലെ വേര്‍തിരിവ് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ജിറി മെന്‍സില്‍ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കല സാധാരണക്കാരനെ രസിപ്പിക്കാനുള്ളതാണ്. താനൊരു സാധാരണക്കാരനായതിനാല്‍തന്നെ സിനിമകളും അങ്ങനെയാകണമെന്നതാണ് ഇഷ്ടമെന്നും ജിറി മെന്‍സില്‍ പറഞ്ഞു.
?  ഐറണി, നര്‍മ്മം, ജീവിതസങ്കടങ്ങള്‍ എന്നിവയാണല്ലോ താങ്കളുടെ സിനിമയുടെ പ്രധാന പ്രമേയങ്ങള്‍. ഇവയോട് അനുഭാവം തോന്നാന്‍ എന്താണ് കാരണം
ലോകത്തിന്റെ മാനുഷികമുഖം ഒപ്പിയെടുക്കുന്ന പ്രമേയങ്ങളാണ് ചിത്രങ്ങളില്‍ പ്രമേയമാക്കാറുള്ളത്. വിഖ്യാത ചെക്ക് എഴുത്തുകാരായ ബൊഹുമില്‍ ഹ്രാബല്‍, വ്‌ലാഡിസ്‌ളാവ് വാന്‍ക്യൂറ തുടങ്ങിയവരുടെ കൃതികളെ ആസ്പദമാക്കിയാണ് പല സിനിമകളും ഒരുക്കിയത്. എന്നാല്‍ ഹ്യൂമറസ് ആയ സിനിമകള്‍ ഒരുക്കുന്നതാണ് എനിക്ക് ഇഷ്ടം. ജീവിതത്തിലും ഹ്യൂമര്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.  ക്ലോസ് ലി വാച്ച്ഡ് ട്രെയിന്‍സ്' എന്ന ചിത്രത്തിലും ഹ്യൂമറിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. 
? താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം
1967 ല്‍ ആദ്യമായി സംവിധാനം ചെയ്ത 'ക്ലോസ് ലി വാച്ച്ഡ് ട്രെയിന്‍സ്' എന്ന ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. എന്നാല്‍ എന്റെ സുഹൃത്ത് ശിവേന്ദ്ര സിംഗ് ഡുംങ്കര്‍പൂര്‍ എന്നെപ്പറ്റി സിനിമ ചെയ്യുന്നു എന്നത് ഓസ്‌കര്‍ ലഭിച്ചതിലും വലിയ സന്തോഷമാണ് നല്‍കുന്നത്.
? ഇന്ത്യന്‍ സിനിമകള്‍ കാണാറുണ്ടോ
ഇന്ത്യന്‍ സിനിമയില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അതിലൊരാളായ ശിവേന്ദ്ര സിംഗ് ഒരിക്കല്‍ എന്നോട് ബസു ചാറ്റര്‍ജി ഒരുക്കിയ 'ഷൗക്കീന്‍'  എന്ന ചിത്രം കാണാന്‍ ആവശ്യപ്പെട്ടു. ഇത് ഞാന്‍ 1968 ല്‍ സംവിധാനം ചെയ്ത 'കാപ്രീഷ്യസ് സമ്മര്‍' എന്ന ചിത്രത്തെ ആസ്പദമാക്കിയതാണെന്ന് മനസിലാക്കിയപ്പോള്‍ എനിക്ക് ഏറെ സന്തോഷം തോന്നി. 

No comments:

Post a Comment