21st IFFK BLOG

(Maintained by IFFK Media Cell)

Thursday, 8 December 2016

ചെക് - സ്ലോവാക്യന്‍ കാഴ്ചകളുമായി റീസ്റ്റോറഡ് ക്ലാസിക്‌സ്

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സമഗ്രസംഭാവനയ്ക്ക് അര്‍ഹനായ ചെക് സംവിധായകന്‍ ജെറി മെന്‍സിലിനോടുള്ള ആദരം.  ഫ്രഞ്ച് നവതരംഗ ചലച്ചിത്ര ശൈലിയുടെ ചുവടുപിടിച്ച് ചെക്-സ്ലോവാക്യയില്‍ നിര്‍മിക്കപ്പെട്ട ആറു ചിത്രങ്ങളാണ് ആദര സൂചകമായി റീസ്റ്റോറഡ് ക്ലാസിക് വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കുന്നത്. 1960 കളില്‍ നിര്‍മിച്ച ഈ ചിത്രങ്ങള്‍ ഇരു രാജ്യത്തെയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുള്ള പ്രയാണമാണ്. നേരനുഭവത്തിന്റെയും ചരിത്രബോധത്തിന്റെയും പശ്ചാത്തലത്തിലൊരുക്കിയ ഈ സിനിമകള്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. 
ജെറി മെന്‍സില്‍ സംവിധാനം ചെയ്ത 'ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍' 1967 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേട ിയ  ചിത്രമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പട്ടാളം പിടിച്ചടക്കിയ ചെക്കാണ് സിനിമയുടെ പശ്ചാത്തലം. ജാന്‍ നെമിക്കിന്റെ പ്രഥമ സംവിധാന സംരംഭമാണ് 'ഡയമണ്ട് ഓഫ് ദി നൈറ്റ്'. അര്‍ണോസ് ലസ്റ്റിഗിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം നാസി കോണ്‍സട്രേഷന്‍ ക്യാംപിന്റെ ഇരുളറകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. 
 മാര്‍ട്ടിന്‍ മാര്‍ട്ടിന്‍സെക്കിന്റെ ഫോട്ടോഗ്രാഫുകളെ അടിസ്ഥാനമാക്കി  ദെസ്സാന്‍ ഹനാക്ക് സംവിധാനം ചെയ്ത ചിത്രമാണ് 'പിക്‌ചേഴ്‌സ് ഓഫ് ദ ഓള്‍ വേള്‍ഡ്'. വ്‌ലാദിസ്ലാവ് വാകുറെയുടെ നോവലിനെ ആസ്പദമാക്കി ഫ്രാന്‍ടിസെക് വ്‌ലാസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് 'മാര്‍ക്കറ്റാ ലസ്‌റോവ'. മിലോസ് ഫോര്‍മാന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച  'ദി ഫയര്‍മാന്‍സ് ബോള്‍',  ജൂരജ് ജകൂബിസ്‌കോ സംവിധാനം ചെയ്ത ദി പ്രൈം ഓഫ് ലൈഫ്' എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ചിത്രങ്ങള്‍. 

No comments:

Post a Comment