എട്ട് രാപകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങുകളോടെയാണ് ചലച്ചിത്രോത്സവം സമാപിച്ചത്.
മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ക്ലാഷ് നേടി. മൊഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷിന് ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. മേളയിലെ നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും വിധു വിന്‍സന്റ് നേടി. ചിത്രം മാന്‍ഹോള്‍. ക്ലെയര്‍ ഒബ്‌സ്‌ക്യോറിന്റെ സംവിധായിക യെസിം ഒസ്‌തേഗ്യൂവിനാണ് മികച്ച സംവിധായികയ്ക്കുള്ള രജതചകോരം. ലോക സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ജാക് സാഗ കബാബിയുടെ വെയര്‍ഹൗസിനാണ്. മികച്ച ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്‌കാരങ്ങള്‍ മുസ്തഫ കാരയുടെ കോള്‍ഡ് ഓഫ് കലണ്ടറും രാജീവ് രവിയുടെ കമ്മട്ടിപ്പാടവും നേടി. ഡൈ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പൗലോ ബലസ്‌തോറസ്, ക്ലയര്‍ ഒബ്‌സ്‌ക്യോറിലെ അഭിനയത്തിന് എസെം ഉസുന്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ചലച്ചിത്രോത്സവത്തിനുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് അരവിന്ദ് (മെട്രോ വാര്‍ത്ത), ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗിന് ഗ്രീഷ്മ എസ് നായര്‍ (ജയ്ഹിന്ദ്), നൈന സുനില്‍ ജൂറി പരാമര്‍ശം, കൈരളി ടിവി) മനോരമ ഓണ്‍ ലൈന്‍, റിപ്പോര്‍ട്ടര്‍ ലൈവ് (ജൂറി പരാമര്‍ശം), മികച്ച ശ്രവ്യമാധ്യമ റിപ്പോര്‍ട്ടിംഗിന് ആകാശവാണിയും ഈ രംഗത്തെ ജൂറി പരാമര്‍ശത്തിന് ക്ലബ് എഫ്.എമ്മും പ്രവാസി ഭാരതി കോര്‍പറേഷനും അര്‍ഹരായി. തിയേറ്റര്‍ പുരസ്‌കാരം ശ്രീപത്മനാഭ, കൈരളി എന്നിവര്‍ നേടി. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും സമ്മാനിച്ചു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്്, ജൂറി ചെയര്‍പേഴ്‌സണ്‍ മിഷേല്‍ ഖലീഫി, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സുവര്‍ണചകോരം നേടിയ ക്ലാഷിന്റെ പ്രദര്‍ശനവും നടത്തി.