21st IFFK BLOG

(Maintained by IFFK Media Cell)

Thursday, 15 December 2016

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം

സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇരുപത്തി ഒന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് പരിസമാപ്തി. സമാപന സമ്മേളനം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എ. സമ്പത്ത് എം.പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ദ്രാവിഡ ദൃശ്യതാളം അരങ്ങേറും. സമാപനത്തോടനുബന്ധിച്ച് സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും. മികച്ച സംവിധായകനും നവാഗത സംവിധായകനുമുള്ള രജത ചകോരം, പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ഏഴ് രാപകലുകളെ ദൃശ്യസമ്പന്നമാക്കിയ ചലച്ചിത്രോത്സവത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്.  
അഭയാര്‍ഥി പ്രശ്‌നം, ലിംഗസമത്വം എന്നിവ പ്രമേയമാക്കിയായിരുന്നു ഇത്തവണത്തെ  ചലച്ചിത്രമേള. നൈറ്റ് ക്ലാസിക്‌സ്, കണ്‍ട്രി ഫോക്കസ്, ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായി 50 രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങള്‍ ഇത്തവണ മേളയിലുണ്ടായിരുന്നു. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നത് ഈ ചലച്ചിത്രമേളയുടെ സവിശേഷതയാണ്. 15000 ത്തോളം പേരാണ് ഇത്തവണ മേളയ്‌ക്കെത്തിയത്. ക്ലാഷ്, സിങ്ക്, ക്ലെയര്‍ ഒബ്‌സിക്യൂര്‍, നെരൂദ, നെറ്റ് തുടങ്ങിയ വിദേശചിത്രങ്ങളും മലയാള സിനിമകളായ മാന്‍ഹോള്‍, കാ ബോഡിസ്‌കേപ്‌സും കാടു പൂക്കുന്ന നേരവും മേളയില്‍ ശ്രദ്ധിക്കപ്പെട്ടു. വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടന്‍ കലാരൂപങ്ങള്‍ ചലച്ചിത്രോത്സവത്തിന് മാറ്റ് കൂട്ടി. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതുമായിരുന്നു ഈ മേള. ദേശീയഗാനലാപനം സംബന്ധിച്ച പ്രതിഷേധത്തിനും അഭിപ്രായപ്രകടനത്തിനും  പുറമെ പുസ്തക പ്രകാശനങ്ങള്‍, കൂട്ടായ്മകള്‍, തിയേറ്ററിനു പുറത്തെ സംവാദങ്ങള്‍ എന്നിവയ്ക്കും ഇത്തവണ ചലച്ചിത്രോത്സവം  വേദിയായി. 
ജനപ്രിയ സംവിധായകനായ കിം കി ഡുകിന്റെ ദ നെറ്റിന്റെ അവസാന പ്രദര്‍ശനം കാണാന്‍ ഇന്നലെ ടാഗോറില്‍ നൂറുകണക്കിന് സിനിമാ പ്രേമികളാണ് എത്തിയത്. മന്ത്രി എ.കെ. ബാലന്‍, വി.ടി ബലറാം എം.എല്‍.എ, നടി പ്രിയങ്ക തുടങ്ങിയവര്‍ ചിത്രം കാണാനെത്തി.  

No comments:

Post a Comment