പാവകള്‍ തിരശ്ശീലയ്ക്കുപിന്നില്‍ കഥപറഞ്ഞപ്പോള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ വേറിട്ടൊരു കാഴ്ചാനുഭവത്തിന് കാണികള്‍ സാക്ഷിയായി. വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായി അവതരിപ്പിച്ച പാവക്കൂത്ത് രാമായണകഥയാണ് ദൃശ്യവത്കരിച്ചത്. 100 വര്‍ഷത്തോളം പഴക്കമുള്ള തോല്‍പ്പാവകള്‍ ഉള്‍പ്പെടുത്തിയാണ് പാവക്കൂത്ത് അവതരിപ്പിച്ചത്.
കമ്പരാമായണത്തെ അടിസ്ഥാനമാക്കിയാണ് പാവക്കൂത്ത് രൂപപ്പെട്ടത്. വടക്കന്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ കൂടുതലായി അവതരിപ്പിക്കപ്പെടുന്ന പാവക്കൂത്ത് രാത്രി 10 മണിമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ നീണ്ടുനില്‍ക്കാറുണ്ട്. കാണികള്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന രീതിയില്‍ പാവകള്‍ക്ക് കൂടുതല്‍ ചലനമേകി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയാണ് മേളയിലവതരിപ്പിച്ചത്.
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡിന് അര്‍ഹനായ രാമചന്ദ്രന്‍ പുലവരും സംഘവുമാണ് പാവക്കൂത്ത് കാണികള്‍ക്കു മുന്നിലെത്തിച്ചത്. കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ രാമചന്ദ്രന്‍ പുലവര്‍ക്ക് മെമന്റോ സമ്മാനിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ മനുഷ്യന്റെ പരിണാമവും പാവക്കൂത്തായി അവതരിപ്പിച്ചിരുന്നു.
അറബനയുടെ താളക്കൊഴുപ്പും നാടന്‍ കലാമേളയില്‍ ജനങ്ങളെ ത്രസിപ്പിച്ചു. മൃഗത്തോലും തടിയും കൊണ്ടു നിര്‍മിച്ച അറബനയാണ് മുഖ്യാകര്‍ഷണം. അറബി സൂക്തങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച അറബനമുട്ട് മണിപ്പ്, വിളമ്പരം, അഷ്ടധ്വനി എന്നീ ഭാഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. അറബനയുടെ ചടുലമായ കൈമാറ്റം ദൃശ്യഭംഗിയൊരുക്കി. ചാവക്കാട് മൊയ്തു തിരുവത്രയും സംഘവുമാണ് അറബനമുട്ട് അവതരിപ്പിച്ചത്.
No comments:
Post a Comment