ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ഡൈ ബ്യൂട്ടിഫുള്‍ ഉള്‍പ്പടെ മത്സരവിഭാഗത്തില്‍ അഞ്ച്് ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം നടക്കും. വെയര്‍ ആര്‍ മൈ ഷൂസ്, ചിത്രോകാര്‍, ദ റിട്ടേണ്‍, സോള്‍ ഓണ്‍ എ സ്ട്രിംഗ് എന്നിവയാണ് ചിത്രങ്ങള്‍. ചിത്രോകാറാണ് ഈ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം. ഇതുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഏഴ് ദിവസങ്ങളിലായി 176 ചിത്രങ്ങളാണ് 13 വേദികളില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 12 ചിത്രങ്ങളും കണ്‍ട്രി ഫോക്കസ്, കെന്‍ ലോച്ച്, ജൂറി, മൈഗ്രേഷന്‍, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിലായി ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കും. വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങിനുശേഷം സുവര്‍ണചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ശശിശങ്കറിന് ആദരമായി ‘നാരായം’
മലയാളി സംവിധായകന്‍ ശശിശങ്കറിന്റെ സ്മരണാര്‍ത്ഥം 'നാരായ'ത്തിന്റെ പ്രദര്‍ശനം ശ്രീ തിയേറ്ററില്‍ രാവിലെ 9.15ന് നടക്കും. അറബി അദ്ധ്യാപികയായ ബ്രാഹ്മണ യുവതിയുടെ ജീവിതമാണ് ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ആഗസ്റ്റ് 10നാണ് ശശിശങ്കര്‍ അന്തരിച്ചത്. ഹോമേജ് വിഭാഗത്തില്‍ ഈ ചിത്രത്തോടൊപ്പം ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്താമിയുടെ ദ വിന്‍ഡ് വില്‍ ക്യാരി അസ് എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. രാവിലെ 9.30ന് ധന്യയിലാണ് പ്രദര്‍ശനം.
കാ ബോഡിസ്‌കേപ്പ്‌സ് ഇന്ന് വീണ്ടും
ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രദര്‍ശിപ്പിച്ച കാ ബോഡിസ്‌കേപ്പ്‌സ് ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. നിള തിയേറ്ററിലെ 3.30നാണ് പ്രദര്‍ശനം. ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയന്‍ ചെറിയാനാണ്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അനന്യ കാസറവള്ളിയുടെ ഹരികഥാ പ്രസംഗയും ഇന്ന് പ്രദര്‍ശിപ്പിക്കും. ശ്രീലങ്കന്‍ സംവിധായകന്‍ പ്രിയന്ത കലുവരാച്ചിയുടെ ദ റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീംസ്’എന്ന ചിത്രം ഉച്ച തിരിഞ്ഞ് 2.45ന് ന്യൂ സ്‌ക്രീന്‍ വണ്ണില്‍ പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment