21st IFFK BLOG

(Maintained by IFFK Media Cell)

Thursday, 15 December 2016

മേള തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കരിമ്പട്ടികയില്‍പെടുത്തണം: അടൂര്‍ ഗോപാലകൃഷ്ണന്‍

ചലച്ചിത്രോത്സവത്തിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ളവരെ ഇനി വരുന്ന ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അവസാനത്തെ ഓപ്പണ്‍ ഫോറത്തില്‍ മേള അവലോകനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
സിനിമ കാണുന്നതില്‍ യാതൊരു താല്‍പര്യവുമില്ലാത്ത ചിലരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സ്വയം ഹീറോകളാണെന്ന് അവര്‍ കരുതുന്നു. 9000 സീറ്റുകളേ ഉളളൂ എങ്കില്‍ 13000 പേര്‍ക്ക് പാസ്സുകള്‍ നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഡെലിഗേറ്റുകള്‍ക്ക് സിനിമ കാണാന്‍ നിലത്ത് ഇരിക്കേണ്ടി വരുന്നത് അവകാശ ലംഘനമാണ്. ഒരാള്‍ക്ക് അസുഖമുണ്ടായാല്‍ തിയേറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ തിയേറ്ററുകള്‍ കണ്ടെത്തുന്നത് കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ല. ജനപ്രതിനിധികള്‍ക്ക് സിനിമ കാണണമെന്നുണ്ടെങ്കില്‍ അവരോടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 
ആദ്യമായി ചലച്ചിത്രോത്സവത്തിന് രജിസ്റ്റര്‍ ചെയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ കാണാനുള്ള പാസ് രണ്ട് ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തണം, പാസുകള്‍ എടുത്തിട്ട് സിനിമകള്‍ കാണാത്തവര്‍ക്ക് തുടര്‍ന്നും പാസ് നല്‍കുന്നത് തടയണം, തിയേറ്ററില്‍ പ്രവേശിക്കുന്ന എല്ലാ ഡെലിഗേറ്റുകളുടേയും കാര്‍ഡ് ബാര്‍കോഡ് റീഡ് ചെയ്ത് ഒറ്റ സിനിമ പോലും കാണാത്തവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മേളയില്‍ ഡെലിഗേറ്റ് ആകാന്‍ അനുമതി നല്‍കരുത്, ഡെലിഗേറ്റ് പാസിന്റെ ഫീസ് 1000 രൂപയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാനലില്‍ നിന്നും ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്നുമുണ്ടായി. 
ചലച്ചിത്രമേള മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങള്‍ അക്കാദമിയെ നേരിട്ട് അറിയിക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അക്കാദമി ചെര്‍മാന്‍ അറിയിച്ചു. ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് പ്രായോഗികമല്ല. സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെലിഗേറ്റുകല്‍ക്ക് യാത്ര ചെയ്ത് സമയനഷ്ടമുണ്ടാകുന്നത് ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡെലിഗേറ്റ് ഫീസ് കൂട്ടേണ്ട കാര്യമില്ലെന്നും വരും കാലങ്ങളില്‍ ആവശ്യമെങ്കില്‍ അത് ചെയ്യാമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
മീര സാഹിബ് മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹന്‍, നെറ്റ് പാക്ക് ജൂറി റാഡ സെസിക്, ടി.വി. ചന്ദ്രന്‍, വി.കെ. ജോസഫ്, വിദ്യാര്‍ത്ഥി ചാറ്റര്‍ജി, ഉമ ഡാകുന്‍ഹ, ഗൗരിദാസന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Post a Comment