21st IFFK BLOG

(Maintained by IFFK Media Cell)

Monday, 5 December 2016

ഐ.എഫ്.എഫ്.കെ : മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍

* മലയാളത്തില്‍ നിന്ന് മാന്‍ഹോളും, കാട് പൂക്കുന്ന നേരവും
* ആദ്യമായി മലയാളി സംവിധായികയുടെ ചിത്രവും
Manhole directed by Vidhu Vincent
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മാധ്യമപ്രവര്‍ത്തകയായ വിധു വിന്‍സെന്റിന്റെ കന്നി ചിത്രമായ 'മാന്‍ഹോള്‍' ആണ് മേളയില്‍ ചരിത്രം കുറിക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ ജീവിതമാണ് മാന്‍ഹോളിന്റെ ഇതിവൃത്തം. 
ഡോ. ബിജു സംവിധാനം ചെയ്യുന്ന 'കാടുപൂക്കുന്ന നേരം' എന്ന ചിത്രം പുരോഗമന തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയെ അന്വേഷിച്ച് കൊടുംകാട്ടിലെത്തി അവിടെ കുടുങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ്. മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍, ഗോവന്‍ ചലച്ചിത്രമേള എന്നിവ ഉള്‍പ്പെടെ ആറോളം മേളകളിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

The Last Mural directed by Saibal Mitra
സായ്ബല്‍ മിത്ര സംവിധാനം ചെയ്ത 'ദ ലാസ്റ്റ് മ്യൂറല്‍' എന്ന ബംഗാളി ചിത്രവും സാന്ത്വാന ബര്‍ദലോയുടെ 'മാജ് രാതി കേതകി' എന്ന അസമി ചിത്രവുമാണ് മത്സര വിഭാഗത്തിലെ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. തുര്‍ക്കി, ഈജിപ്റ്റ്, ഫിലിപ്പൈന്‍സ്, ചൈന, ദക്ഷിണാഫ്രിക്ക, ഘാന, സിംഗപ്പൂര്‍, മെക്‌സികോ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
യെസിം ഉസ്‌തോഗ്ലു സംവിധാനം ചെയ്ത 'ക്ലെയര്‍ ഒബ്‌സ്‌ക്യോര്‍', മൊഹമ്മദ് ദിയാബിന്റെ 'ക്ലാഷ്', മുസ്തഫ കാരയുടെ 'കോള്‍ഡ് ഓഫ് കലണ്ടര്‍', ജൂ റോബിള്‍സ് ലാനയുടെ 'ഡൈ ബ്യൂട്ടിഫുള്‍', വാങ് സ്യൂബുവിന്റെ 'നൈറ്റ് ഇന്‍ ദ ക്ലിയര്‍ വാട്ടര്‍', ബ്രേറ്റ് മൈക്കിള്‍ ഇനീസിന്റെ 'സിങ്ക്', ഴാങ് യാങ്ങിന്റെ 'സോള്‍ ഓണ്‍ എ സ്ട്രിംഗ്', നാനാ ഒബിരി യേബോ-മാക്‌സിമിലിയന്‍ ക്ലോസന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ദ കഴ്‌സ്ഡ് വണ്‍സ്', ഗ്രീന്‍ സെങിന്റെ 'ദ റിട്ടേണ്‍' , ജാക്ക് സാഗയുടെ 'വെയര്‍ഹൗസ്ഡ്', കിയോമാഴ്‌സ് പൗരാമദിന്റെ 'വെയര്‍ ആര്‍ മൈ ഷൂസ്' എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

No comments:

Post a Comment