21st IFFK BLOG

(Maintained by IFFK Media Cell)

Wednesday, 7 December 2016

തലസ്ഥാനത്ത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് രണ്ട് വര്‍ഷത്തിനുള്ളില്‍ : മന്ത്രി എ.കെ. ബാലന്‍


രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന തിയറ്റര്‍ കോംപ്ലക്‌സ് രണ്ട് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. 100 കോടി ചെലവിലാണ് കോംപ്ലകസ് നിര്‍മ്മാണം. ഇതിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഫെസ്റ്റിവല്‍ ഓഫീസും പാസ് വിതരണവും ടാഗോര്‍ തീയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷം കഴിയുന്തോറും ആസ്വാദകര്‍ക്ക് ചലച്ചിത്ര മേളയോടുള്ള താല്‍പര്യം വര്‍ദ്ധിക്കുകയാണ്. തിരക്ക് കാരണം രജിസ്‌ട്രേഷന്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. തിയേറ്ററുകളിലെ സീറ്റുകളുടെ അപര്യാപ്തത കണക്കിലെടുത്താണ് പ്രതിനിധികളുടെ എണ്ണം ഇത്തവണ 13000 ആയി നിജപ്പെടുത്തിയതെന്നും ഇത് പരിഹരിക്കുന്നതിനാണ് ഫിലിം സിറ്റിയാക്കി ചിത്രാഞ്ജലി വികസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ, രാജ്യാന്തരതലത്തില്‍ കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രാമങ്ങളിലെ പ്രവര്‍ത്തനം നിലച്ച തിയേറ്ററുകള്‍ പുനരുജ്ജീവിപ്പിക്കും. മികച്ച സിനിമകള്‍ ആസ്വദിക്കുന്നതിന് ഗ്രാമങ്ങളില്‍ പുതുതായി 100 തിയേറ്ററുകള്‍ തുറക്കും. ആദ്യപടിയായി 20 തിയേറ്ററുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി  അറിയിച്ചു. 
ചടങ്ങില്‍ ആദ്യ ഡെലിഗേറ്റ് പാസ് മന്ത്രി എ.കെ. ബാലന്‍ നടി മഞ്ജു വാര്യര്‍ക്ക് നല്‍കി. ഭിന്നലിംഗക്കാര്‍ക്കുള്ള ആദ്യ പാസ് മഞ്ജു വാര്യര്‍ ശീതള്‍ ശ്യാമിന് കൈമാറി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, അക്കാദമി ചെയര്‍മാന്‍ കമല്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സംവിധായകനായ ടി.വി ചന്ദ്രന്‍, അക്കാദമി സെക്രട്ടറി ബി. മഹേഷ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment