ഇരുപത്തിയൊന്ന് വര്‍ണ്ണബലൂണുകള്‍ പറത്തി രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വിളംബരോദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ലോകസിനിമകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്തതില്‍ രാജ്യാന്തര ചലച്ചിത്ര മേള വഹിച്ച പങ്ക് വലുതാണ്. ചലച്ചിത്രോത്സവം ചലനാത്മക പ്രതികരണവേദിയായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളിലേക്ക് ലോക സിനിമകളുടെ പ്രദര്‍ശനം തുടര്‍ന്നും എത്തിക്കുന്നതിന് ടൂറിംഗ് ടാക്കീസിനെ ഉപയോഗപ്പെടുത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. വായനശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് ഗ്രാമങ്ങളില്‍ സിനിമാ പ്രദര്‍ശങ്ങള്‍ സംഘടിപ്പിക്കുമെന്നും സിനിമകള്‍ക്ക് മലയാളം സബ്‌ടൈറ്റിലുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീയറ്ററുകളുടെ സീറ്റ് ലഭ്യത ഉള്‍പ്പടെയുള്ള പരിമിതികള്‍ കാരണമാണ് കൂടുതല്‍ ഡെലിഗേറ്റുകളെ ചലച്ചിത്രോത്സവത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ ഒന്നിന് കാസര്‍കോട് നിന്നും ആരംഭിച്ച ടൂറിംഗ് ടാക്കീസ് എഴുപത് പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശംഖുമുഖത്ത് സമാപിച്ചത്.
ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ പ്രകാശനം ചലച്ചിത്ര വികസന സാംസ്‌കാരിക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് ബി, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ആര്‍. സതീഷ് കുമാര്‍, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍, താരങ്ങളായ മധുപാല്‍, ജലജ, തുടങ്ങിയവര്‍ പങ്കെടുത്തു. റെഡ് എഫ്.എമ്മിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ്, ഊരാളി ബാന്‍ഡിന്റെ സംഗീത വിരുന്ന്, ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' സിനിമയുടെ പ്രദര്‍ശനം എന്നിവയും നടന്നു.
No comments:
Post a Comment